Kerala
കോഴിക്കോട്: പാളയത്തുനിന്ന് കല്ലുത്താൻ കടവിലേക്ക് മാറ്റിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി എത്താനിരിക്കെ പാളയത്ത് പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്.
പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
National
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ 28 പേർ കസ്റ്റഡിയിൽ. എബിവിപി പ്രവർത്തകർ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
എൺപതോളം വരുന്ന വിദ്യാർഥികൾ തങ്ങളെ ആക്രമിച്ചെന്നും ബാരിക്കേഡുകൾ തള്ളിമാറ്റിയെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റതായും പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
19 ആൺകുട്ടികളെയും ഒമ്പത് പെൺകുട്ടികളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജെഎൻയുവിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് മനീഷ, ജനറൽ സെക്രട്ടറി മുൻതിയ ഫാത്തിമ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
പേരാമ്പ്ര (കോഴിക്കോട്): യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ സംഭവസ്ഥലത്ത് പരിശോധനയുമായി ഫോറന്‍സിക് വിദഗ്ധരും.
ഒക്ടോബർ 10ന് വൈകുന്നേരം നടന്ന യുഡിഎഫ് പ്രകടനം പോലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘർഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് പുറകിൽ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ള സിപിഎം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന.
ഇവിടെ വെച്ച് ഷാഫി പറമ്പിൽ എംപി ക്ക് പോലീസ് ലാത്തിചാര്‍ജില്‍ മൂക്കിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നേരെ സ്ഫോടക വസ്തു അക്രമണം യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിഷേധ മാർച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും കണ്ണീർ വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത മെയിൻ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയത്. കോഴിക്കോട് റൂറൽ പോലീസ് സുപ്രണ്ടിന് കീഴിലുള്ള ഫോറൻസിക് വിഭാഗമാണ് പരിശോധന നടത്തിയത്.
പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പോലീസ് ഇൻസ്പക്ടർ പി. ജംഷീദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന. സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായി. തുടർന്ന് ഹർത്താലും, പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥയുമുണ്ടായി. ഇരു മുന്നണികൾ പ്രതിഷേധ പ്രകടനങ്ങളും തുടർന്ന് പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നിരുന്നു.
Kerala
പാലക്കാട്: എംഎൽഎ ഫണ്ട് ഉപയോഗിച്ച് പിരായിരിയിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
തുടർന്ന് കാറിനു മുകളിൽ ഡിവൈഎഫ്ഐയുടെ പതാകയും വച്ചു. ഇതോടെ കാറിനു പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.
എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ എംഎൽഎയെ തോളിലേറ്റിയാണ് യോഗസ്ഥലത്തേക്ക് എത്തിച്ചത്.
വിവാദങ്ങള്‍ക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെ പരിപാടികളിൽ രഹസ്യമായിട്ടാണ് പങ്കെടുത്തിരുന്നത്. എന്നാൽ പിരായിരിയിലെ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് കാണിച്ച് ഫ്ലക്സ് ഉൾപ്പടെ നേരത്തെ സ്ഥാപിച്ചിരുന്നു.
പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Kerala
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.
Kerala
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരേ കേസെടുത്ത് പേരാമ്പ്ര പോലീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പോലീസിനെതിരേ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍.
Kerala
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡ് ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ എ.എൻ. ഷംസീർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നു, സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ആക്രമിച്ചു, അദ്ദേഹത്തിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷൽ ഷിബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുന്ന നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിലാണ് ഇന്ന് പ്രതിഷേധം അരങ്ങേറിയത്.
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ബോഡി ഷെയ്മിംഗ് പരാമർശം ഉയർത്തിയ വി.ഡി. സതീശൻ വാച്ച് ആൻഡ് വാർഡർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും ആരോപിച്ചു. ഇതിനു പിന്നാലെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതോടെ, ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ചെയറിനു മുന്നിൽ നിന്ന് ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡർമാരോട് പറഞ്ഞതോടെ സഭയിൽ വീണ്ടും പ്രതിഷേധം ശക്തമായി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിച്ചു.
Kerala
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പത്തു വർഷം സിപിഎം വിശ്വാസികളെ ദ്രോഹിച്ചെന്നും ഇപ്പോൾ അവർ ശബരിമലയില്‍ കൊള്ള നടത്തിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാകും എന്ന വാഗ്ദാനം നല്‍കിയിരുന്നു. 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ല. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണ്. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. കേന്ദ്ര ഏജൻസി വിഷയം അന്വേഷിക്കണം. ദേവസ്വം വിജിലൻസിന്റെ കഴിഞ്ഞ 30 വർഷത്തെ റിപ്പോർട്ടുകൾ പുറത്തുവിടണം. സംസ്ഥാനം സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കും.
സ്വർണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ നാമജപ പ്രതിഷേധം നടത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു അറിയിച്ചു.
ദേവസ്വം ബോര്‍ഡ് രാജിവയ്ക്കുക, ദേവസ്വം അഴിമതി സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയത്തിയാണ് നാമജപ യാത്ര നടത്തുക. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.
Kerala
തിരുവനന്തപുരം: പോലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനു പിന്നാലെ സ്ഥലത്ത് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാനാണ് പോലീസിന്റെ ശ്രമം.
പോലീസ് അതിക്രമങ്ങൾക്കതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. എസ്പി ഓഫീസിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നാലുതവണ ജലപീരങ്കി പ്രയോഗിച്ചു.
കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തില്‍ പ്രതിയായ പോലീസുകാരൻ സന്ദീപിന്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
Kerala
തൃശൂര്‍: കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിവസം യൂത്ത് കോൺഗ്രസിന്റെ കൊലച്ചോറ് സമരം. തൃശൂരില്‍ ഡിഐജി ഓഫീസിന് മുന്നിലാണ് പ്രതീകാത്മക സമരം.
മര്‍ദിച്ച പോലീസുകാരുടെ മുഖംമൂടിയണിഞ്ഞ് പോലീസ് വേഷവും ധരിച്ചെത്തിയ സമരക്കാര്‍ ഡിഐജി ഓഫിസിനു മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തുകയായിരുന്നു.
പോലീസ് സ്റ്റേഷനുകളില്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
National
ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താൽ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരണം. രാവിലെ മുതൽ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബിൽ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബിൽ അവതരിപ്പിക്കാനായത്. ബിൽ കൊണ്ടുവന്നത് ചട്ടപ്രകാരമാണെന്നും ജെപിസിക്ക് വിടാമെന്നും അമിത് ഷാ അറിയിച്ചു.
ബിൽ അവതരണത്തിനിടെ നാടകീയ സംഭവങ്ങൾക്കും സഭ സാക്ഷിയായി. പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയതോടെ കൈയാങ്കളിയുമുണ്ടായി. തൃണമൂൽ അംഗങ്ങൾ ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. അമിത് ഷായ്ക്കെതിരേയും കടലാസ് വലിച്ചെറിഞ്ഞു. ബഹളത്തെ തുടർന്ന് സഭ മൂന്നുവരെ നിർത്തിവച്ചു.
രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു.
വോട്ടർപട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം, ബഹളത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു. ബഹളം തുടരുന്ന പ്രതിപക്ഷത്തിന് നേരെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുയര്‍ത്തി.
അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും.
തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിൽ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേ സമയം ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
Kerala
തിരുവനന്തപുരം: വോട്ട് കൊള്ളയ്ക്കെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ ഇന്നു രാത്രി എട്ടിനു ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വയനാട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം എന്നിവിടങ്ങളിലെ മാർച്ചിന് നേതൃത്വം നൽകും
Kerala
തൃശൂർ: പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. വിപിൻ വിൽസൺ ആണ് അറസ്റ്റിലായത്. വിപിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു.
വ്യാജ വോട്ടർ പട്ടിക വിവാദത്തിൽ ചൊവ്വാഴ്ച സുരേഷ് ഗോപിയുടെ ചേറൂറിലെ എംപി ഓഫീസിലേക്കാണ് സിപിഎം പ്രതിഷേധ മാർച്ച് നടത്തിയത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്. തുടർന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസ് ബോർഡിൽ പ്രതിഷേധക്കാർ കരിഓയിൽ ഒഴിച്ചത്. തുടർന്ന് ബോർഡിൽ ചെരുപ്പുമാലയിടുകയും ചെയ്തു.
ചൊവ്വാഴ്ചയുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ അൻപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവർത്തകര്‍ക്കും പരിക്കേറ്റിരുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഇന്ത്യാ മുന്നണിയിലെ എംപിമാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നിൽവച്ച് ഡൽഹി പോലീസ് തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷത്തിൽ കലാശിച്ചു. പിരിഞ്ഞുപോകണമെന്ന് പോലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറായില്ല. പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചതായാണ് റിപ്പോർട്ട്. 30 പേരുമായി കൂടിക്കാഴ്ച നടത്താമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.
Kerala
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന് ജി.നൈനാന്, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദന്‍ ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്.
വൈദ്യപരിശോധനയ്ക്കായി ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. അറസ്റ്റിലാവരെ കൈവിലങ്ങ് വച്ചെന്നാരോപിച്ചായിരകുന്നു പ്രതിഷേധം. പോലീസ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
രാവിലെ വീട്ടിലെത്തിയാണ് ജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഏദനും അറസ്റ്റിലായത്.
ശനിയാഴ്ച വൈകുന്നേരമാണ് പത്തനംതിട്ട നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകർന്നിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Kerala
അങ്കമാലി: മന്ത്രി വാസവന് നേരെ അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘനകൾ രംഗത്തെത്തിയത്.
District News
മല്ലപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ജനജീവിതം ദുസ്സഹമാക്കുന്നു. വേനൽ കടുത്തതോടെ കിണറുകളും മറ്റ് ജലസ്രോതസ്സുകളും വറ്റിവരണ്ടതാണ് പ്രധാന കാരണം. പഞ്ചായത്ത് അധികൃതർ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത് ആവശ്യത്തിന് തികയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ള പദ്ധതികൾ കാര്യക്ഷമമാക്കണമെന്നും, എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്.